കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രം|Kapaleeswaram
![]() |
| കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രം |
ആദ്ധ്യാത്മിക നവോത്ഥാന നായകനും, ദാർശനികനും, ഋഷി തുല്യനുമായിരുന്ന ശ്രീനാരായണ ഗുരുദേവന്റെ പ്രിയ ശിഷ്യനായ മഹാകവി കുമാരനാശാന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ കായിക്കര എന്ന കൊച്ചു ഗ്രാമം. തെങ്ങും കവുങ്ങും പൂവരശും ഇടതൂർന്നു നിൽക്കുന്ന നാടൻ ഗ്രാമം. ശാന്തവും പവിത്രവുമായ ആ ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ്, ആത്മീയപ്രഭയാൽ ജ്വലിച്ചു നിൽക്കുന്ന പുണ്യ പുരാതന ശിവക്ഷേത്രമായ കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രം. ശ്രീ മഹാദേവന്റെ ദിവ്യസാന്നിധ്യം അനുഭവിക്കാൻ നൂറുകണക്കിന് ഭക്തർ ഇവിടേക്കെത്താറുണ്ട്.
ചരിത്രം
ആത്മീയ
ചൈതന്യം കുടികൊള്ളുന്ന ഈ ക്ഷേത്രം 1893 ൽ (കൊല്ലവർഷം 1068) ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ചതാണ്.
കപാലീശ്വര സ്വരൂപനായ ശിവഭഗവാനെ പ്രതിഷ്ഠിച്ചതിനാൽ, ഗുരുദേവൻ കാപാലീശ്വരം എന്ന് നാമകരണം
ചെയ്യുകയും ചെയ്തു. ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ. സമുദായ നവോത്ഥാനത്തിന്റെ
ഭാഗമായും, സമത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായും ഗുരുദേവൻ കേരളത്തിൽ അങ്ങോളമിങ്ങോളം
നിരവധി ക്ഷേത്രങ്ങൾ സ്ഥാപിക്കുകയുണ്ടായി. അതിൽ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് കായിക്കര
കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രം.
സ്ഥലം
തിരുവനന്തപുരം ജില്ലയിൽ, അഞ്ചുതെങ്ങ്-കടയ്ക്കാവൂർ വില്ലേജിൽ, വർക്കല-അഞ്ചുതെങ്ങ്-കടയ്ക്കാവൂർ റോഡിനോട് ചേർന്ന്, കായിക്കര ഭാഗത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടലിന് വളരെയടുത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്, വർക്കല നിന്ന് 12 km മാത്രമാണ് ദൂരം.
| LOCATION |
ക്ഷേത്രക്കിണർ
ഇവിടുത്തെ
ക്ഷേത്രക്കിണർ വളരെ വിശേഷപ്പെട്ടതാണ്. കടലിനോടടുത്തുള്ള പ്രദേശമായതിനാൽ ആ ഗ്രാമത്തിലെ
എല്ലാ കിണറുകളിലും ഉപ്പുരസമുള്ള ജലമാണ് ലഭിക്കുന്നത്. എന്നാൽ ഗുരുദേവൻ ക്ഷേത്രാവശ്യത്തിനായി
നിർദേശിച്ച സ്ഥലത്തു കുഴിച്ച ഈ ക്ഷേത്രക്കിണറിലെ ജലത്തിന് ഉപ്പുരസം അണുവോളമില്ലാ എന്നത്
ഭക്തജനങ്ങൾക്ക് ഇന്നും ഒരത്ഭുമായി നിലകൊള്ളുന്നു. അതുകൊണ്ടു തന്നെ ക്ഷേത്രക്കിണർ ഭക്തജനങ്ങളുടെ
ഹൃദയങ്ങളിൽ ദൈവിക ഭാവം നിറയ്ക്കുന്ന ഒന്നാണ്.
ക്ഷേത്ര പുനരുദ്ധാരണം
ശിവഗിരി തീർഥാടകർ
ഡിസംബർ
മുപ്പത്, മുപ്പത്തിയൊന്ന്, ജനുവരി ഒന്ന് എന്നീ തീയതികളിൽ നടക്കാറുള്ള ശിവഗിരി തീർത്ഥാടനകാലത്ത്
നൂറുകണക്കിന് ഭക്തർ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തിൽ ദർശനം നടത്തുകയും, പൂജകൾ
അർപ്പിക്കുകയും ചെയ്യാറുണ്ട്.
മഹാശിവരാത്രി ആഘോഷം
ഭക്തിപൂർവ്വം,
ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും, ഒരേ മനസ്സോടെ, മഹാശിവരാത്രി മഹോത്സവം ആഘോഷിച്ചു വരുന്നു.
അന്ന് കായിക്കര ദേശം ശിവനാമജപത്താൽ മുഖരിതമാവുന്നു. ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി
ദൂരെ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ ഇവിടേക്കെത്താറുണ്ട്.
ഗുരുദേവനാൽ
സ്ഥാപിക്കപ്പെട്ട ഈ മഹാക്ഷേത്രവും, അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന മഹാകവി കുമാരനാശാന്റെ
സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ട ആശാൻ സ്മാരകവും കായിക്കരയെന്ന ഗ്രാമത്തെ കൂടുതൽ പ്രശസ്തമാക്കുന്നു.
ക്ഷേത്ര രക്ഷാധികാരി
തലമുറകളായി
ക്ഷേത്രവുമായി ആത്മീയബന്ധം പുലർത്തിവരുന്ന നല്ലാംതിട്ട കുടുംബത്തിലെ അംഗമായ ശ്രീ സുരേഷ് ബാബുവാണ്
ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി. മഹാദേവന്റെ അനുഗ്രഹത്തോടെ, ഗുരുദേവൻ ഏല്പിച്ച ഉത്തരവാദിത്വം ഭക്തിയോടെയും
സമർപ്പണത്തോടെയും അദ്ദേഹം നിർവ്വഹിച്ചു വരുന്നു.
കപാലീശ്വരം ശ്രീ മഹാദേവക്ഷേത്രം ഒരാരാധനാലയം എന്നതിലുപരി, ശ്രീനാരായണ ഗുരുദേവൻ നടപ്പിലാക്കിയ ആധ്യാത്മിക നവോദ്ധാനത്തിന്റെ പ്രതീകം കൂടിയാണ്. കാലം കടന്നുപോകും, തലമുറകൾ മാറിവരും, കായിക്കരയിലെ ഈ പുണ്യസ്ഥാനം എന്നും അനശ്വരമായി ഭക്തഹൃദയങ്ങളിൽ നിലനിൽക്കുക തന്നെ ചെയ്യും.


