നരസിംഹമൂർത്തിയും, പ്രഹ്ളാദനും | Narasimhamoorthi

നരസിംഹമൂർത്തിയും, പ്രഹ്ളാദനും

www.umeswara.com

ഹിന്ദു പുരാണത്തിൽ ഭഗവാൻ മഹാവിഷ്ണുവിന്റെ പത്തവതാരങ്ങൾ പറയുന്നുണ്ട്. മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവയാണ് അവതാരങ്ങൾ. സിംഹത്തിന്റെ ശിരസ്സും, മനുഷ്യന്റെ ഉടലുമായി അവതരിച്ച ഉഗ്രാവതാരമാണ് നരസിംഹാവതാരം. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരമാണിത്.

അസുര രാജാവായിരുന്ന ഹിരണ്യാക്ഷൻ ഉഗ്രതപസ്സിലൂടെ ബ്രഹ്മാവിൽ നിന്ന് വരം നേടി ശക്തനായി തീർന്നു. ദേവലോകം ആക്രമിച്ച് കീഴടക്കുകയും ഭൂമിയിൽ വലിയ അനർത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ദേവന്മാരുടെയും, ഭൂമിദേവിയുടെയും അപേക്ഷപ്രകാരം ഭഗവാൻ മഹാവിഷ്ണു വരാഹമായി അവതരിച്ച് ഹിരണ്യാക്ഷനെ വധിച്ചു. വിഷ്ണുവാണ് തന്റെ സഹോദരനെ വധിച്ചതെന്നു മനസ്സിലാക്കിയ ഹിരണ്യകശിപു ബ്രഹ്മാവിനെ തപസ്സു ചെയ്യാനാരംഭിച്ചു. തപസ്സിൽ സന്തുഷ്ടനായ ബ്രഹ്മദേവവൻ ഹിരണ്യകശിപുവിനു മുന്നിൽ പ്രത്യക്ഷനായി.

ഹിരണ്യകശിപു ഇങ്ങനെ ആവശ്യപ്പെട്ടു. രാത്രിയോ പകലോ തന്റെ മരണം സംഭവിക്കരുത്., തന്റെ മരണം,  വീടിനകത്തോ പുറത്തോ ആകരുത്, ആകാശത്തോ ഭൂമിയിലോ വച്ചാകരുത്, ആയുധങ്ങൾ കൊണ്ടോ  കൈ കൊണ്ടോ ആകരുത്, ദേവനോ, മനുഷ്യനോ, പക്ഷിമൃഗാദികളോ തന്നെ കൊല്ലാൻ പാടില്ല. ബ്രഹ്‌മാവ്‌ ആ വരം നൽകുകയും ചെയ്തു. വരം ലഭിച്ചതോടെ അഹങ്കാരിയായി മാറിയ ഹിരണ്യകശിപു ജനങ്ങളെ ദ്രോഹിക്കാൻ ആരംഭിച്ചു. തന്റെ സഹോദരനെപ്പോലെ ദേവലോകം ആക്രമിക്കുകയും ദേവന്മാരെ സ്ഥാനഭ്രഷ്ടരാക്കുകയും ചെയ്തു. ഇതോടെ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ഇതിനുള്ള പോംവഴി താൻ കണ്ടുകൊള്ളാമെന്നു വിഷ്ണുഭഗവാൻ ദേവന്മാർക്ക് വാക്കു കൊടുത്തു. 

www.umeswara.com

ഗർഭിണിയായിരുന്ന ഹിരണ്യകശിപുവിന്റെ ഭാര്യ കയാധുവിനെ ദേവേന്ദ്രൻ ബന്ദിയാക്കി പകരം വീട്ടാൻ ശ്രമിച്ചെങ്കിലും നാരദമഹർഷിയുടെ നിർദ്ദേശപ്രകാരം ദേവേന്ദ്രൻ വിട്ടയച്ചു. നാരദമഹർഷി, കയാധുവിനെ തന്റെ ആശ്രമത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും, വിഷ്ണുകഥകൾ ധാരാളം പറഞ്ഞുകൊടുക്കുകയും ചെയ്തു. വൈകാതെ കയാധു പ്രഹ്ളാദന് ജന്മം നൽകുകയും ചെയ്തു. ഗർഭത്തിലിരിക്കെ തന്നെ വിഷ്ണു കീർത്തനങ്ങൾ കേൾക്കാനിടയായ പ്രഹ്ളാദൻ ബാല്യം മുതലേ തികഞ്ഞ വിഷ്ണു ഭക്തനായി മാറി.

ഇതേ സമയം ഹിരണ്യകശിപു തന്റെ രാജ്യത്ത് വിഷ്ണുപൂജ നിരോധിക്കുകയും, തന്നെ മാത്രമേ പൂജിക്കാൻ പാടുള്ളു എന്ന് ആജ്ഞാപിക്കുകയും, നിയമം ലംഘിച്ചവരെ വധിക്കുകയും ചെയ്തു. ഗുരുകുല വിദ്യാഭ്യാസം കഴിഞ്ഞെത്തിയ തന്റെ പുത്രൻ വിഷ്ണുവിനെ ഭജിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല. ഉപദേശങ്ങൾ കൊണ്ട് പുത്രനെ മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട ഹിരണ്യകശിപു മകനെ വധിക്കാൻ തന്നെ തീരുമാനിച്ചു. പല വഴികളും നോക്കിയെങ്കിലും എല്ലാ ശ്രമങ്ങളിൽ നിന്നും പ്രഹ്ളാദൻ രക്ഷപെട്ടു കൊണ്ടിരുന്നു.

ക്രോധം കൊണ്ട് പരവശനായ ഹിരണ്യകശിപു ഒരു ദിവസം സന്ധ്യയ്ക്ക്, പ്രാർത്ഥിച്ചു കൊണ്ടിരുന്ന മകനോടു ചോദിച്ചു എവിടെ നിന്റെ ദൈവം? തൂണിലും, തുരുമ്പിലും, എല്ലായിടത്തും ഭഗവാനുണ്ടെന്ന് മകൻ മറുപടി നൽകി. ഇതു കേട്ട ഹിരണ്യകശിപു തന്റെ ഗദകൊണ്ട് അടുത്തുകണ്ട ഒരു തൂൺ അടിച്ചു തകർത്തു. എന്നാൽ തകർന്ന തൂണിനുള്ളിൽ നിന്ന് ഉഗ്രരൂപിയായ നരസിംഹമൂർത്തി പുറത്തു ചാടി. ഹിരണ്യകശിപുവിനെ എടുത്തു കൊണ്ടു പോയി, കൊട്ടാരത്തിന്റെ ഉമ്മറപ്പടിയിൽ ഇരുന്ന ശേഷം മടിയിൽ കിടത്തി കയ്യിലെ കൂർത്ത നഖങ്ങളുപയോഗിച്ച് ശരീരം മാന്തിപ്പൊളിച്ച് കാലപുരിക്കയച്ചു.

www.umeswara.com

രാത്രിയോ, പകലോ അല്ലാത്ത സന്ധ്യാസമയത്ത്, മനുഷ്യനോ, മൃഗമോ അല്ലാത്ത നരസിംഹത്തിന്റെ മടിയിൽ, ആയുധം കൊണ്ടല്ലാതെ നഖങ്ങളുപയോഗിച്ച് കൊല്ലുകയായിരുന്നു. വീട്ടിനകത്തോ, പുറത്തോ അല്ലാതെ ഉമ്മറപ്പടിയിൽ വച്ച്, ആകാശത്തോ, ഭൂമിയിലോ വച്ചല്ലാതെ, മടിയിൽ കിടത്തി, ലഭിച്ച വരത്തിന്റെ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടായിരുന്നു നരസിംഹ മൂർത്തി ഹിരണ്യകശിപുവിനെ വധിച്ച് ഭൂമിയിൽ ധർമ്മം പുനഃസ്ഥാപിച്ചത്.

ഏതുപായത്തിലൂടെയും ഭൂമിയിൽ ധർമ്മം പുനഃസ്ഥാപിക്കാൻ ഭഗവാൻ അവതരിക്കും എന്ന സന്ദേശമാണ് ഇതിലൂടെ നമുക്ക് മനസ്സിലാവുന്നത്.

Prabhash Somanadhan

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ