ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം| Guruvayoor

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം| Guruvayoor

www.umeswara.com
Guruvayoor Temple

ഭാരതത്തിലെ ഏറെ പ്രസിദ്ധമായ ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നായി അറിയപ്പെടുന്നത് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. കേരളത്തിലെ, തൃശൂർ ജില്ലയിൽ ഗുരുവായൂർ എന്ന സ്ഥലത്താണ് ഭൂലോക വൈകുണ്ഠം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാതാളാഞ്ജനമെന്ന ശിലയിൽ കൊത്തിയെടുത്തതാണ് ഈ വിഗ്രഹം. ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്നാണ് ഈ വിഗ്രഹം ഇവിടെ എത്തിച്ചതെന്നു വിശ്വാസമുണ്ട്. ഈ വിഗ്രഹം പ്രതിഷ്ഠിച്ച സ്ഥലം ഗുരുവായൂർ എന്നും, മൂർത്തിയെ ഗുരുവായൂരപ്പൻ എന്നും അറിയപ്പെടാൻ തുടങ്ങി.  

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് 5000 വർഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 1638-ൽ ക്ഷേത്രം പുനർനിർമ്മിക്കപ്പെട്ടുവെന്നും വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ വിഗ്രഹത്തിന് നാല് കൈകളാണുള്ളത്. ഒരു കയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മറ്റൊരു കയ്യിൽ സുദർശന ചക്രം. മൂന്നാമത്തേതിൽ ഗദ, നാലാമത്തെ കയ്യിൽ താമരപ്പൂവ്. ശംഖു ചക്ര ഗദാ പത്മധാരിയായാണ് ഗുരുവായൂരപ്പൻ നിലകൊള്ളുന്നത്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ കാവൽദൈവമായി കണക്കാക്കപ്പെടുന്നത് ഉഗ്രമൂർത്തിയായ ഇടത്തരികത്തുകാവ് ഭഗവതിയാണ്. ശ്രീകൃഷ്ണാവതാരം നടന്ന സമയത്ത്, നന്ദഗോപരുടെയും യശോദയുടെയും മകളായി അവതരിച്ച കാളിയാണ് ഇടത്തരികത്തുകാവ് ഭഗവതി. അതിനാൽ ഗുരുവായൂരപ്പന്റെ സഹോദരിയുടെ സ്ഥാനമാണ് ഭഗവതിക്ക് നൽകിയിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തായാണ് ഭഗവതിയുടെ പ്രതിഷ്ഠയുള്ളത്. വനദുർഗ്ഗാ സങ്കല്പത്തിലായതിനാൽ ശ്രീകോവിലിന് മേൽക്കൂരയില്ല.


www.umeswara.com
Guruvayoor Temple - 1730

ആക്രമണങ്ങൾ

1716-ൽ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിച്ചേർന്ന ഡച്ചുകാർ ക്ഷേത്രത്തെ ആക്രമിച്ച് കൊള്ളയടിക്കുകയും, തീയിടുകയും ചെയ്തതായി രേഖകളിൽ പറയുന്നു.  1747-ൽ ക്ഷേത്ര പുനരുദ്ധാരണം നടത്തുകയും ചെയ്തു. 1766-ൽ മൈസൂർ സുൽത്താനായിരുന്ന ഹൈദരാലി കോഴിക്കോടും, ഗുരുവായൂരും പിടിച്ചടക്കി. ക്ഷേത്രം നശിപ്പിക്കാതിരിക്കാൻ, 10,000 പണം പിഴ നൽകേണ്ടി വന്നു ഭക്തർക്ക്. പിഴപ്പണം വടക്കേപ്പാട്ട് വാരിയർ എന്നയാളാണ് നൽകിയത്. മലബാർ ഗവർണറായിരുന്ന ശ്രീനിവാസ റാവുവിന്റെ ശുപാർശ പ്രകാരം 1780-ൽ ഹൈദരാലി, ക്ഷേത്രം ഭക്തജനങ്ങൾക്ക് തിരികെ നൽകി.

1789-ൽ, ഹൈദർ അലിയുടെ മകനും പിൻഗാമിയുമായ ടിപ്പു, സാമൂതിരി രാജാവിനെ തോൽപ്പിക്കാനും, അന്യ മതസ്ഥരെ മതംമാറ്റാനും, ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിച്ച് കൊള്ളയടിക്കാനുമായി ഈ പ്രദേശത്ത് കടന്നുവന്നു. ക്ഷേത്രം ആക്രമിക്കപ്പെടുമെന്ന ഭയത്തിൽ, മല്ലിശ്ശേരി നമ്പൂതിരിയും ഓതിക്കനും ചേർന്ന് പ്രധാന വിഗ്രഹം അന്ന് തിരുവിതാംകൂറിന്റെ ഭരണത്തിൽ ഉണ്ടായിരുന്ന അമ്പലപ്പുഴയിലേക്ക് മാറ്റി. ടിപ്പു, ക്ഷേത്രം കൊള്ളയടിച്ച ശേഷം തീയിട്ടുവെങ്കിലും, അപ്രതീക്ഷിതമായുണ്ടായ ശക്തമായ ഇടിയും മഴയും കാരണം ക്ഷേത്രം പൂർണമായും നശിപ്പിക്കാൻ കഴിയാതെ ടിപ്പു മടങ്ങിപ്പോയി. തുടർന്ന് 1792-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ടിപ്പുവിനെ തോൽപ്പിക്കുകയും, ക്ഷേത്രത്തിന്റെ പരിപാലനാവകാശം സാമൂതിരിക്ക് തിരികെ നൽകുകയും ചെയ്തു.

പൂന്താനം, മേൽപ്പത്തൂർ, വില്വമംഗലം, കുറൂരമ്മ, രാജകുമാരൻ മാനദേവൻ എന്നീ അഞ്ച് ഭക്തർ ഈ ക്ഷേത്രത്തിന്റെ മഹത്വം പ്രചരിപ്പിക്കുകയും അങ്ങനെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നായി ഗുരുവായൂർ ക്ഷേത്രം മാറുകയും ചെയ്തു.

ഗുരുവായൂർ കേശവൻ

Guruvayoor Kesavan

ഗുരുവായൂർ ക്ഷേത്രത്തെ കുറിച്ചു പറയുമ്പോൾ, ഗുരുവായൂർ കേശവൻ എന്ന ആനയെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. നല്ല അറിവും, ബുദ്ധിയുമുള്ള ഒരാനയായിരുന്നു. നിലമ്പൂർ വലിയ തമ്പുരാനാണ് ഒരു കുട്ടിയാനയെ നടയ്ക്കിരുത്തുന്നത്. അവനെ ഗുരുവായൂർ കേശവൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. വളർന്ന് വലുതായപ്പോൾ അസാമാന്യ വലിപ്പമുണ്ടായിരുന്ന അവന്റെ സൗന്ദര്യവും, ഗാംഭീര്യവും, തലയെടുപ്പും മറ്റാനകളിൽ നിന്ന് അവനെ വ്യത്യസ്തനാക്കി. ശാന്ത സ്വഭാവമായിരുന്നു ഗുരുവായൂർ കേശവനെ പ്രശസ്തനാക്കിയത്. 1973ൽ അമ്പത് വർഷം പൂർത്തിയാക്കിയ ഗുരുവായൂർ കേശവന് അധികാരികൾ ഗജരാജപ്പട്ടം നൽകി ആദരിക്കുകയുണ്ടായി. 72 വയസ്സുള്ളപ്പോൾ ഒരു ഗുരുവായൂർ ഏകാദശി ദിവസം പുലർച്ചെ 3 മണിയോടെ കേശവൻ ചരിഞ്ഞു.

 www.umeswara.com

ഉത്സവം

www.umeswara.com

കുംഭമാസത്തിലെ പൂയം നക്ഷത്രത്തിൽ കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷം. 1970-ൽ ഉത്സവത്തിന്റെ ആറാം ദിവസം ക്ഷേത്രത്തിൽ ഭയാനകമായ തീപിടിത്തം ഉണ്ടായി. തീ പൂർണ്ണമായി അണയ്ക്കാൻ അഞ്ചു മണിക്കൂർ സമയമെടുത്തു. അത്ഭുതകരമായി, ശ്രീകോവിലും ഗുരുവായൂരപ്പന്റെ വിഗ്രഹവും, ഗണപതി, അയ്യപ്പൻ, ദേവി എന്നീ ദേവതകളുടെ പ്രതിഷ്ഠകളും, കൊടിമരവും ഒന്നിനും ആപത്തോ നാശമോ സംഭവിച്ചില്ല. ഈ അത്ഭുതം ഇന്നും ഭക്തരുടെ ഹൃദയങ്ങളിൽ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.


Prabhash Somanadhan

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ