മഹാശിവരാത്രി
മഹാശിവരാത്രി, ഭഗവാൻ ശിവനെ ആരാധിക്കുന്ന ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ്. ഈ ദിനം ആത്മവിശുദ്ധിയുടെയും ഭക്തിയുടെയും പ്രതീകമായി ഹിന്ദു ആത്മീയതയിൽ അനശ്വരമായ സ്ഥാനമാണുള്ളത്. ഫാൽഗുന മാസത്തിലെ (കുംഭം) കൃഷ്ണപക്ഷ ചതുർദശിയിലാണ് മഹാശിവരാത്രി ആചരിക്കുന്നത്. ലോകനാശത്തിന് തന്നെ കാരണമാകുമായിരുന്ന ശക്തിയെ നിയന്ത്രിച്ച രാത്രിയായി ശിവരാത്രിയെ കണക്കാക്കുന്നു.
ഐതിഹ്യം
പാലാഴി
മഥനവുമായി ബന്ധപ്പെട്ടതാണ് ശിവരാത്രിയെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ ഐതിഹ്യം. ഒരിക്കൽ
ദുർവ്വാസാവ് മഹർഷി തനിക്ക് സമ്മാനമായി കിട്ടിയ പുഷ്പമാല ദേവേന്ദ്രനു നൽകി. ദേവേന്ദ്രൻ
ആ മാല തന്റെ വാഹനമായ ഐരാവതത്തിന്റെ മസ്തകത്തിലണിയിച്ചു. എന്നാൽ പുഷ്പഹാരത്തിലുണ്ടായിരുന്ന വണ്ടുകൾ ഐരാവതത്തിന്
വളരെ ബുദ്ധിമുട്ടുണ്ടാക്കി. വണ്ടുകളുടെ ശല്യം അസഹ്യമായതോടെ മാലയെടുത്ത് നിലത്തിട്ടു
ചവിട്ടിയരച്ചു. ഇതിൽ കുപിതനായ ദുർവ്വാസാവ് കോപത്തോടെ ദേവന്മാർക്കും, ദേവതകൾക്കും ജരാനര
ബാധിക്കട്ടെയെന്ന് ശപിച്ചു. ഇതറിഞ്ഞ ദേവകൾ, മഹർഷിയോട് മാപ്പിരന്ന് ശാപമോചനം നല്കണമെന്നപേക്ഷിച്ചു.
പാലാഴി കടഞ്ഞ് കിട്ടുന്ന അമൃത് ഭക്ഷിച്ചാൽ ശാപമോചനം കിട്ടുന്നതാണെന്ന് മഹർഷി അവരോട്
പറഞ്ഞു.
പാലാഴിയിൽ
വസിക്കുന്ന മഹാവിഷ്ണുവിനെ കാണാൻ ദേവന്മാർ ബ്രഹ്മാവിനോടൊപ്പം വിഷ്ണുലോകത്തേയ്ക്ക് യാത്രയായി.
പാലാഴി കടയണമെങ്കിൽ കടകോലായി മന്ദരപർവ്വതവും, കയറായി പരമശിവന്റെ ആഭരണമായ വാസുകിയും
വേണമെന്ന് വിഷ്ണുഭഗവാൻ അവരെ അറിയിച്ചു. അങ്ങനെ, ഒരു വശത്ത് ദേവന്മാരും, മറുവശത്ത് അസുരന്മാരുമായി
പാലാഴി കടയാനാരംഭിച്ചു. ആദ്യം ലഭിച്ചത് ലോകത്തെ ഒന്നാകെ നശിപ്പിക്കാൻ കഴിയുന്ന കാളകൂടവിഷമായിരുന്നു.
അപകടം മനസ്സിലാക്കിയ ശിവഭഗവാൻ ആ വിഷം പാനം ചെയ്തു. അതു കണ്ട പാർവതീദേവി വിഷം താഴേക്കിറങ്ങാതിരിക്കാൻ
ഭഗവാന്റെ കണ്ഠത്തിൽ അമർത്തിപ്പിടിച്ച് രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നു. വിഷം കണ്ഠത്തിൽ
വ്യാപിച്ച് നീലനിറമായി. അങ്ങനെയാണ് ഭഗവാന് നീലകണ്ഠൻ എന്ന പേര് ലഭിച്ചത്. കാളകൂടവിഷത്തിന്
ശേഷം അനേകം വിശിഷ്ട വസ്തുക്കൾ പാലാഴി മഥനത്തിന്റെ ഭാഗമായി ലഭിച്ചു. ഏറ്റവുമൊടുവിൽ ധന്വന്തരി
അമൃതകുംഭവുമായി ഉയർന്നു വന്നു.
ശിവഭഗവാൻ കാളകൂടവിഷം പാനം ചെയ്തതിന്റെ ഓർമ്മയ്ക്കായാണ് ഭക്തർ ശിവരാത്രിവ്രതം ആചരിക്കുന്നത്. അന്ന് രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവസ്തുതികൾ ജപിച്ച് കഴിയേണ്ടതാണ്.
ശിവരാത്രിവ്രതം
ശിവപ്രീതിക്കായി
ആചരിക്കുന്ന ഏറ്റവും മഹത്തരമായ വ്രതമാണ് ശിവരാത്രി വ്രതം. ജാഗരണമെന്ന വിശേഷതയാൽ പ്രസിദ്ധമായ
ഈ വ്രതം, മഹാവ്രതം എന്ന പേരിൽ അറിയപ്പെടുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമേ ഇതു നടത്തപ്പെടാറുള്ളൂ.
സകലപാപങ്ങൾക്കും മോചനമൊരുക്കുന്ന ഈ ശിവരാത്രി വ്രതം കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും
നിറയുമെന്ന് വിശ്വാസം പറയുന്നു. ദമ്പതികൾ ഒരുമിച്ചു വ്രതം ആചരിക്കുന്നത് അത്യന്തം ശ്രേഷ്ഠമായ
അനുഷ്ഠാനമായി കരുതപ്പെടുന്നു.
ശിവരാത്രി
വ്രതം പ്രദോഷദിനമായ തലേന്ന് മുതൽ തന്നെ ആരംഭിക്കാം. അന്നേദിവസം വൈകുന്നേരം അരിയാഹാരം
ഒഴിവാക്കണം. പകലുറക്കം, എണ്ണതേച്ചുകുളി, അതിദീർഘമായ ആഹാരം തുടങ്ങിയവയും നിരോധിതമാണ്.
അന്നേ ദിവസം പൂർണ ഉപവാസം പാലിക്കാനാണ് ആഗ്രഹിക്കേണ്ടത്. എങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ പൂർണ ഉപവാസം സാധ്യമല്ലെങ്കിൽ, ക്ഷേത്രത്തിൽ ലഭിക്കുന്ന നൈവേദ്യം, കരിക്കിൻ വെള്ളം, പഴങ്ങൾ എന്നിവ സ്വീകരിക്കാവുന്നതാണ്. അതിരുകടന്ന ഭക്ഷണം ഒഴിവാക്കണം. ഉച്ചയ്ക്ക് ക്ഷേത്രത്തിലെ വെള്ള നിവേദ്യം സ്വീകരിച്ചും വ്രതം അനുഷ്ഠിക്കാം.
യാമപൂജ
ശിവരാത്രിയോടനുബന്ധിച്ച്
രാത്രിയിൽ ശിവക്ഷേത്രങ്ങളിൽ നടക്കുന്ന യാമപൂജ വളരെ വിശേഷപ്പെട്ടതാണ്. വൃതമനുഷ്ഠിക്കുന്നവർ
രാത്രി മുഴുവൻ അഖണ്ഡനാമജപത്തോടെ ക്ഷേത്രങ്ങളിൽ തന്നെ കഴിയുകയാണ് പതിവ്. അഞ്ചു യാമപൂജകളാണ്
ശിവരാത്രിയിൽ നടക്കാറുള്ളത്. രാത്രി എട്ടരമണിക്കും, പതിനൊന്നുമണിക്കും, വെളുപ്പിന്
ഒന്നര, നാല് ആറര എന്നീ സമയങ്ങളിലുമാണ് പൂജകൾ നടക്കാറുള്ളത്.
ശിവരാത്രി വ്രതകാലത്ത് കഴിയുന്നത്ര തവണ
പഞ്ചാക്ഷരീ മന്ത്രം ജപിക്കണം. രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവനാമസ്മരണയിൽ മുഴുകി വ്രതം
ആചരിക്കുന്നതാണ് ഉചിതം. പിറ്റേന്നലെ പ്രഭാതത്തിൽ കുളിച്ചു ക്ഷേത്രത്തിലെ തീർഥം സ്വീകരിച്ച്
പാരണം നടത്തണം. പാരണം കഴിഞ്ഞ ഉടനെ പകലുറക്കം ഒഴിവാക്കേണ്ടതാണെന്ന് ആചാരങ്ങൾ ഉപദേശിക്കുന്നു.
മഹാശിവരാത്രി നമ്മെ ഓർമ്മപ്പെടുത്തുന്നത്, ശിവൻ വെറും ക്ഷേത്രത്തിലെ ദേവനല്ല, മറിച്ച് നമ്മുടെ ഹൃദയത്തിലെ നിശ്ശബ്ദതയിലും സമാധിയിലും വസിക്കുന്ന പരമാത്മാവാണ്. ഈ നിശ, അന്ധകാരം ദൂരീകരിച്ച് ആത്മജ്യോതി തെളിയിക്കുന്ന സമയം ആകുന്നു. അതുകൊണ്ടുതന്നെ, മഹാശിവരാത്രി നാം ആചരിക്കേണ്ടത് വെറും പൂജകളും ഉപവാസങ്ങളുമായല്ല, മറിച്ച് ആത്മവിശുദ്ധിയുടെയും ആത്മബോധത്തിന്റെയും പുതുയാത്രയായാണ്.


